മൂന്നാർ: വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്കു പരുക്ക്. ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (35), ടൂറിസ്റ്റ് സംഘത്തിൽ പെട്ട മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (32)എന്നിവർക്കാണു പരുക്കേറ്റത്. മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനി രാത്രി ടോപ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. മലപ്പുറത്തു നിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ 38 അംഗ സംഘം ടോപ് സ്റ്റേഷനിലെ ഒരു ചായക്കടയിൽ ചായ കുടിയ്ക്കാൻ കയറി. ചായയ്ക്കു ചൂടില്ലെന്ന് പറഞ്ഞു കടയിലെ ജീവനക്കാരനുമായി ഇവർ തർക്കിച്ചിരുന്നു. ഇതിനിടെ ഒരാൾ ചായക്കട ജീവനക്കാരന്റെ ശരീരത്തിൽ ചായ ഒഴിച്ചതായി പറയുന്നു. സംഘർഷത്തിനിടെ വിനോദസഞ്ചാരികളുടെ സംഘം ബസിൽ കയറി മൂന്നാർ ഭാഗത്തേക്ക് പോയി.
ചായക്കട ജീവനക്കാരൻ സുഹൃത്തുക്കളോടൊപ്പം ബൈക്കുകളിൽ പിന്തുടർന്ന് എല്ലപ്പെട്ടിക്കു സമീപം ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മൂന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് പൊലിസ് അറിയിച്ചു.