ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ക്രമക്കേടില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടില്‍നിന്ന് എത്തിക്കുന്ന ഭക്ഷണം തിഹാര്‍ ജയിലിനുള്ളില്‍ അനുവദിക്കണമെന്ന ചിത്രയുടെ ആവശ്യം കോടതി തള്ളി. എല്ലാ തടവുകാരും തുല്യരാണെന്നും ചിത്രയ്ക്ക് മാത്രമായി വിഐപി പരിഗണന നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഹനുമാന്‍ ചാലിസ ഒപ്പം കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി. ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അവരെ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു.
ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നല്‍കിയ ‘ഹിമാലയത്തിലെ യോഗി’ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയെന്നു കണ്ടെത്തിയ സിബിഐ ആനന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്‍എസ്ഇയിലെ എല്ലാ നിര്‍ണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് സന്യാസിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയ ‘സെബി’ ചിത്രയ്ക്കു പിഴശിക്ഷയും വിധിച്ചിരുന്നു.