തിരുവനന്തപുരം: കെ റെയിലിനെ ചൊല്ലി സഭയിൽ ഇന്നും രൂക്ഷമായ വാദപ്രതിവാദം. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിർത്ത വിഡി സതീശൻ, സ്ഥലത്ത് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വ്യക്തമാക്കി. പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞ എഎൻ ഷംസീർ സ്ഥലത്ത് സ്ഥാപിക്കുന്ന കല്ലുകൾ പിഴുതാൽ പൊലീസിന്റെ അടി കിട്ടുമെന്ന് വ്യക്തമാക്കി.
കെ റെയിൽ ബോംബാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പദ്ധതിക്കെതിരായ സമരവുമായി മുന്നോട്ട് പോകും. ഈ ശനിയാഴ്ച കെ റെയിൽ വിരുദ്ധ ജനകീയ സദസ് തുടങ്ങും. കല്ല് പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഇടത് മുന്നണി പ്രകടനപത്രികയിൽ പറഞ്ഞതാണെന്ന ന്യായവാദം എഎൻ ഷംസീർ ഉന്നയിച്ചു. ജനങ്ങൾ അംഗീകരിച്ചതാണ്. പ്രതിപക്ഷത്തിൻറെ അനുമതി വേണ്ടെന്നും അല്ലാതെ തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷനടി ഞങ്ങൾക്കില്ലെന്നും നിങ്ങൾക്കുള്ളത് കൊണ്ടാണ് കമ്മീഷൻ കമ്മീഷനെന്ന് പറയുന്നതെന്നും കോടിയേരി എംഎൽഎ വിമർശിച്ചു.
കെ റെയിൽ ഇല്ലാത്ത സ്ഥലത്തും ഉരുൾപൊട്ടുമെന്ന് ഷംസീർ പിസി വിഷ്ണുനാഥിനുള്ള മറുപടിയിൽ പറഞ്ഞു. പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കില്ല. ബിജെപി ഓഫീസിൽ കെ സി വേണുഗോപാലിന്റെ പടം വച്ച് ആരാധിക്കുന്നുവെന്ന് ഷംസീർ കളിയാക്കി. വികസനത്തെ എല്ലാം എതിർക്കുന്ന നിലപാടാണ് കോൺഗ്രസിനെന്നും അദ്ദേഹം വിമർശിച്ചു.