കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി ജി വിദ്യാർത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് പ്രിൻസിപ്പലിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വർഷ വിദ്യാർത്ഥിയാണ് പഠനം അവസാനിപ്പിച്ചത്.
സംഭവത്തിൽ രണ്ട് നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്പെൻഢ് ചെയ്തിരുന്നു. സംഭവത്തിൽ റാഗിംഗിനിരയായ വിദ്യാർത്ഥി പരാതിനൽകാതിരുന്നതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്നും ടിസിവാങ്ങിയ ഇയാൾ ഇപ്പോൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് ഇയാളുടെ നിലപാട്