ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാർക്ക് കൃപാൺ ധരിക്കാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം. മാർച്ച് നാലിനാണ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ കൃപാൺ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടത്. എന്നാൽ അടുത്തിടെ അമൃത്‌സറിലെ ശ്രീ ഗുരുറാംദാസ് ജീ ഇന്റർനാഷണൽ എയർപോർട്ടിൽ കൃപാൺ ധരിച്ച ഒരു സിഖ് ജീവനക്കാരനെ ഡ്യൂട്ടി ചെയ്യുന്നതിൽ നിന്ന് തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് സിഖ് സംഘടനയായ ’ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി’ രംഗത്തെത്തിയിരുന്നു. കമ്മിറ്റി പ്രസിഡണ്ട് ഹർജീന്ദർ സിങ് ധാമി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
”ഈ വിവേചനം സിഖുകാരുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ ആക്രമണമാണ്. അതൊരിക്കലും നടപ്പാക്കാൻ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിക്കുന്നതിൽ സിഖുകാരാണ് മുൻപന്തിയിൽ നിന്നിട്ടുള്ളന്നതെന്നും രാജ്യത്തിന്റെ സംസ്‌കാരം ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അതിൽ സിഖുകാർക്കും പങ്കുണ്ടെന്ന് കേന്ദ്രം ഒരിക്കലും മറക്കരുത്” -ധാമി കത്തിൽ പറഞ്ഞു
തുടർന്ന് മാർച്ച് 12നാണ് ബി.സി.എ.എസ് വിലക്ക് പിൻവലിച്ചത്. ഇനി മുതൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കും ജീവനക്കാർക്കും കൃപാൺ ധരിക്കാം. ഇത്തരത്തിൽ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചിൽ കൂടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സിഖ് മതത്തിൽ ശരീരത്തോട് ചേർന്ന് ധരിക്കുന്ന വളഞ്ഞ കഠാരയാണ് കൃപാൺ.