കൊച്ചി: ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷന് പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് ഉത്തരവ്. എയര്‍ സ്റ്റേഷനില്‍നിന്നു വിവിധതരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റില്ലാത്ത വിമാനങ്ങളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അപേക്ഷകള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുൻപായി ക്യാപ്റ്റന്‍, ഐഎന്‍എസ് ഗരുഡ, നേവല്‍ ബേസ്, എറണാകുളം 682004 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കും നല്‍കണം.ആഭ്യന്തര വ്യോമ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച 2021ലെ ഡ്രോണ്‍ ചട്ടങ്ങള്‍ പ്രകാരം ചുവപ്പ്, മഞ്ഞ സോണുകളില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട ട്രാഫിക് സര്‍വീസിന്റെയും മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകള്‍, ലന്റേണ് പട്ടങ്ങള്‍ എന്നിവ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.