തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. സുരേഷിന് മർദനമേറ്റെന്ന സൂചന നൽകി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് അന്വേഷണം സിബിഐയ്ക്കു വിടാൻ തീരുമാനമായത്. ദേഹത്തെ ചതവുകൾ, മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാമെന്നു ഡോക്ടർമാർ സൂചിപ്പിച്ചു.
മർദിച്ച അടയാളങ്ങൾ കണ്ടിരുന്നതായി സഹോദരൻ കുറ്റപ്പെടുത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ട് കാര്യങ്ങളാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. മരണകാരണം ഹൃദയാഘാതമാണ്. ശരീരത്തിൽ 12 ചതവുകളുടെ അടയാളങ്ങളുമുണ്ട്. ഇവ മരണകാരണം അല്ലങ്കിലും ഹൃദ്രോഗം മൂർഛിക്കാൻ കാരണമായോയെന്ന് സംശയിക്കുന്നതായും ഡോക്ടർമാർ രേഖപ്പെടുത്തി.
ഇതൊടെ മർദിച്ചുള്ള കൊലപാതകം എന്ന ആരോപണം കുടുംബം ആവർത്തിച്ചു. ചതവുകൾ എങ്ങനെയുണ്ടായെന്ന് കണ്ടെത്തുന്നതിൽ നിർണായകം മജിസ്റ്റീരിയൽ അന്വേഷണത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളാണ്. സുരേഷിനൊപ്പം അറസ്റ്റിലായ നാല് പേരും മജിസ്റ്റീരിയൽ അന്വേഷണത്തിൽ നൽകിയ മൊഴി പൊലീസിന് അനുകൂലമാണ്. യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ലെന്നാണ് മൊഴി.
എന്നാൽ, ഇതേ പ്രതികൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് വ്യത്യസ്തമാണ്. പിടികൂടാൻ നേരം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ലാത്തികൊണ്ട് അടിച്ചെന്നാണ് മൊഴി. ജഡ്ജിക്കുന്നിലെത്തിയ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ചതിനാണ് സുരേഷടക്കം 5 പേർ അറസ്റ്റിലായത്. ഈ സമയത്ത് ഉന്തിലും തള്ളിലുമാണോ സുരേഷിന് പരുക്ക് പറ്റിയതെന്നും അന്വേഷിക്കുന്നുണ്ട്.