ന്യൂഡല്‍ഹി : സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തി. ഡൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് പാര്‍ട്ടി സംവിധാനം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. പാര്‍ട്ടി കമ്മറ്റികളില്‍ 15 ശതമാനം വനിത സംവരണവും, പട്ടികവിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും.ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ വിശാലമതേതര കൂട്ടായ്മ വേണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ നയം വ്യക്തമാക്കി.
റഷ്യ-യുക്രൈൻ യുദ്ധത്തിന് കാരണക്കാര്‍ നാറ്റോയാണെന്നും റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രൈനടക്കം യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്നും ഡി രാജ പറഞ്ഞു.