തിരുവനന്തപുരം. ബംഗാളിലെ ദുർഗാപൂരിലേക്കു തിരുവനന്തപുരത്തു നിന്ന് വിമാന സർവീസ് തുടങ്ങുന്നു. മാർച്ച് 27 മുതൽ ഇൻഡിഗോ ആണ് സർവീസ് തുടങ്ങുന്നത്. എല്ലാ ദിവസവും ബെംഗളൂരു വഴിയാണ് സർവീസ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസൗകര്യം ഇതോടെ കൂടും. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് 30 ലക്ഷത്തിലേറെപ്പേർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.
രാവിലെ 7.40നു പുറപ്പെട്ട് 12.05ന് ദുർഗാപൂരിലെത്തും. തിരികെ 12.40നു പുറപ്പെട്ട് 5.15ന് എത്തും. യാത്രക്കാർക്ക് വിമാനം മാറിക്കയറേണ്ടതില്ല. ടിക്കറ്റ് ബുക്കിങ് തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 79 ആയി അടുത്തിടെ വർധിച്ചിരുന്നു. സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങും.