തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യുവും യൂത്ത്കോൺഗ്രസും നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളികയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.
ബാരിക്കേഡിൽ കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പെൺകുട്ടികൾ ഉൾപ്പടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം ജോൺ, അൻവർ സാദത്ത്, കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവർത്തകർ പാളയത്ത് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകൾ കീറി. ഇത് തടയാൻ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു.