യൂറോപ്പ് : കോവിഡ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ ഹൈബ്രിഡ് രൂപമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിയെ പടരുന്നതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ഡെല്‍റ്റക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും സ്ഥിരീകരിക്കുന്നു. ഒരു വൈറസിന്‍റെ രണ്ട് തരം വകഭേദങ്ങള്‍ ഒരേ സമയം പടരുമ്പോൾ ഇത്തരം ഹൈബ്രിഡ് വകഭേദങ്ങള്‍ക്കുള്ള സാധ്യത അധികമാണെന്ന് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറയുന്നു. എന്നാല്‍ ഈ സംയുക്ത വൈറസിന്‍റെ വ്യാപനശേഷിയിലോ തീവ്രതയിലോ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പഠനങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു.
വൈറസുകള്‍ കാലത്തിനനുസരിച്ച് മാറുമെന്നും അതിനാല്‍ ഈ ഡെല്‍റ്റാക്രോണ്‍ ഹൈബ്രിഡ് വകഭേദം പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു. മനുഷ്യരെ ബാധിക്കാനായി വൈറസ് വീണ്ടും മൃഗങ്ങളിലേക്ക് പടരാനുള്ള സാധ്യത പോലും തള്ളിക്കളയുന്നില്ലെന്നും മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും മരണസംഖ്യയും രോഗതീവ്രതയും കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മരിയ അടിവരയിടുന്നു. ഇത്തരത്തിലുള്ള ഹൈബ്രിഡ് വൈറസ് സാര്‍സ് കോവ്-2ന്‍റെ മാത്രം പ്രത്യേകതയല്ലെന്നും ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ എപ്പോഴും ഇത്തരത്തിലുള്ള സംയുക്ത വൈറസുകളായി മാറാറുണ്ടെന്നും വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ വില്യം സ്കാഫ്നറും അഭിപ്രായപ്പെടുന്നു. ഡെല്‍റ്റ-ഒമിക്രോണ്‍ ഹൈബ്രിഡ് വൈറസ് 2022 ജനുവരി ആദ്യം മുതല്‍ തന്നെ പടരുന്നുണ്ടെന്നാണ് വൈറസ് ഡേറ്റ പങ്കുവയ്ക്കുന്ന രാജ്യാന്തര ശാസ്ത്രജ്ഞ സംഘമായ ജിഐഎസ്എയ്ഡിന്‍റെ അനുമാനം. അമേരിക്കയിലും ഡെല്‍റ്റക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി MedRxiv ൽ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു.