ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ശ്രീലങ്കയ്ക്കുള്ള നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുന്ന കരാറിൽ ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ക്ഷാമവും പണപ്പെരുപ്പവും കാരണം ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസകരമാണ് ഇന്ത്യയുടെ സഹായം. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. വിദേശനാണയ ശേഖരം കാലിയായതോടെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഊർജപ്രതിസന്ധിയടക്കം വർദ്ധിച്ചതോടെ ജനങ്ങൾ തെരുവിലിറങ്ങുന്ന സ്ഥിതി വരെ ശ്രീലങ്കയിലുണ്ടായി. ഇതിനിടെയാണ് സഹായം തേടി ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രജപക്സെ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലെത്തിയ രജപക്സെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ക്രെഡിറ്റ് ലൈൻ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയും ചെയ്തത്. പാലാലി വിമാനത്താവളത്തിന്റെയും കാങ്കസൻതുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുൻ നിർദേശങ്ങൾ അന്തിമമാക്കാൻ ശ്രീലങ്കയെ പ്രേരിപ്പിക്കുക എന്നതാണ് ഈ സഹായംകൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടും തമിഴ്നാട് തീരത്തോട് ചേർന്നുള്ള ജാഫ്ന ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
മോദിയും രജപക്സെയും ‘വിപുലമായ ഉഭയകക്ഷി വിഷയങ്ങൾ’ ചർച്ച ചെയ്തതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊർജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തതായി ശ്രീലങ്കൻ ഹൈക്കമ്മീഷൻ അറിയിച്ചു. ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് രജപക്സെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. 2020 ഡിസംബറിലെ രജപക്സെയുടെ ഇന്ത്യാ സന്ദർശത്തിന് ശേഷം ഇന്ത്യ 1.4 ബില്യൺ ഡോളർ സഹായമാണ് ഇതുവരെ ശ്രീലങ്കയ്ക്ക് നൽകിയിട്ടുള്ളത്. 500 മില്യൺ ഡോളർ കടം, 400 മില്യൺ ഡോളർ കറൻസി സ്വാപ്പ്, ഏഷ്യൻ ക്ലിയറിംഗ് യൂണിയനുമായുള്ള ലോൺ ഡെഫർമെന്റിനായി 500 മില്യൺ ഡോളർ എന്നിവയാണ് ഇന്ത്യ നൽകിയ സഹായങ്ങൾ.
സഹായത്തിന് ഇന്ത്യ ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ഇടപെടലിൽ ഐഎംഎഫ് സഹായം നൽകി തുടങ്ങിയതോടെ നിരവധി ഇന്ത്യൻ പദ്ധതികൾക്ക് ഈയിടെ ശ്രീലങ്ക ഗ്രീൻ സിഗ്നൽ നൽകിയിരുന്നു. തമിഴ് ആധിപത്യമുള്ള വടക്ക്, കിഴക്ക് മേഖലകളിലേക്കുള്ള രാഷ്ട്രീയ വിഭജനം സംബന്ധിച്ച ശ്രീലങ്കയുടെ ഭരണഘടനയുടെ 13-ാം ഭേദഗതി ലങ്ക നടപ്പാക്കുന്നതിൽ ഇന്ത്യക്ക് താത്പര്യമുണ്ടെന്നതും ശ്രദ്ധേയമാണ്. പാലാലിയിലും കാങ്കസൻതുറൈയിലുമായി രണ്ട് ‘കണക്റ്റിവിറ്റി’ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇന്ത്യ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിലെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ രണ്ട് പദ്ധതികളും സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ശ്രീലങ്കയിലെ തലൈമന്നാറിനും തമിഴ്നാട്ടിലെ രാമേശ്വരത്തിനും ഇടയിൽ ഒരു ഫെറി സർവീസ് പുനരാരംഭിക്കുന്ന കാര്യവും ഇരുപക്ഷവും പരിശോധിക്കുന്നുണ്ട്.