കോട്ടയം : ചങ്ങനാശേപി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയിൽ വിരുദ്ധ സമരത്തിനിടെ പൊലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം തുടരുകയാണ്.
മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പോലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്.
മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങൾക്ക് വീട് നഷ്ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.