പത്തനംതിട്ട: പത്തനംതിട്ട തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കീഴടങ്ങി. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയാണ് പത്തനംതിട്ട സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം റാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു.
പത്തനംതിട്ടയിലെ ഓമല്ലൂർ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തറയിൽ ഫിനാൻസ്. കഴിഞ്ഞ വർഷം ജൂണിലാണ് തറയിൽ ഫിനാൻസിന്റെ നാല് ശാഖകളിൽ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുടെ രംഗത്തെത്തിയത്.
പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതൽ പരാതികളെത്തിയത്.
ഓമല്ലൂർ അടൂർ പത്തനംതിട്ട പത്താനാപുരം ശാഖകളിൽ നിന്നായി ആഞ്ഞൂറോളം നിക്ഷേപകർക്കാണ പണം നഷ്ടമായത്. ഒന്നാം പ്രതി സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയിൽ ഫിനാൻസിന്റെ മാനേജിങ്ങ് പാർട്ണറാണ്. ഈ സാഹചര്യത്തിലാണ് റാണിയും കേസിൽ പ്രതി ചേർക്കപ്പെട്ടത്. തറയിൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് ഇതരസ്ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്ഥാപനത്തിന്റെ ശാഖകൾ പൂട്ടിയ ശേഷം ഒളിവിൽ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ പറ്റി സൂചനകളൊന്നുമില്ലായിരുന്നു.
ഓമല്ലൂരിലെ വീട്ടിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നുമാണ് സജി നൽകിയ മൊഴി. പൊലീസിന് ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂൺ ആറിനാണ് ഒന്നാം പ്രതിയായ സജി സാം പൊലീസ് കീഴടങ്ങിയത്. ഇയാൾ ഇപ്പോഴും ജയിലിലാണ്.
നിക്ഷേപ തട്ടിപ്പിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 370 പരാതികളാണ് തറയിൽ ഫിനാൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ നിക്ഷേപകർക്ക് പലിശ നൽകിയിരുന്ന സ്ഥാപനമാണ് തറയിൽ ഫിനാൻസ്. 2021 മാർച്ചിന് ശേഷം പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയത്.
അതേസമയം സജിയുടെയും റാണിയുടെയും ആകെ ആസ്തി മൂല്യം മൂന്ന് കോടി രൂപ മാത്രമാണെന്നാണ് പൊലീസ് കണക്ക്. സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്ന ഓമല്ലൂരിലെ കെട്ടിടം സജിയുടെ സഹോദരങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. മറ്റ് മൂന്ന് ശാഖകൾ വാടക കെട്ടിടത്തിലാണ്. നിക്ഷേകരിൽ നിന്നായി സമാഹരിച്ച പണം ആഡംബര ജീവിതത്തിന് ചെലവിട്ടെന്നും സൂചനയുണ്ട്. ബിഎംഡബ്ലു അടക്കം നാല് വാഹനങ്ങളാണ് സജിയുടെ പേരിലുണ്ടായിരുന്നത്. പോളണ്ടിൽ മകളെ എംബിബിഎസ് പഠനത്തിന് ചേർത്തതും ലക്ഷങ്ങൾ മുടക്കിയാണ്. റാണിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ പണം വകമാറ്റിയതിലടക്കം കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.