കൊൽക്കത്ത: കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലി സ്പൈവെയർ പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാറിനും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് താൻ നിരസിച്ചുവെന്നും മമത ബാനർജി. രാഷ്ട്രീയ എതിരാളികളെ രഹസ്യമായി പിന്തുടരാൻ സ്‌പൈവെയർ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പെഗാസസ് വിൽക്കാൻ അവർ ഞങ്ങളുടെ പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചു. അഞ്ച് വർഷം മുമ്പ് അവർ അതിന് ₹ 25 കോടി രൂപ ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ അത്തരം മെഷീനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ല” മമത ബാനർജി പറഞ്ഞു. ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സുരക്ഷയ്ക്കും വേണ്ടിയാണെന്ന് പറയുന്നുവെങ്കിലും രാഷ്ട്രീയ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും എതിരായി ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മമത പറഞ്ഞു.
പെഗാസസ് സ്പൈവെയർ ഗവൺമെന്റുകൾക്ക് മാത്രം വിൽക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യം വയ്ക്കാൻ ഉപയോഗിച്ചുവെന്ന ആരോപണം ഉയരാൻ ഇടയാക്കിയിരുന്നു. പെഗാസസ് സ്പൈവെയർ വിതരണം ചെയ്യുന്ന എൻഎസ്ഒയുടെ ചോർന്ന ഡാറ്റാബേസിൽ ഇന്ത്യയിൽ നിന്നുള്ള 300 ഫോണുകൾ ടാർഗെറ്റുകളുടെ സാധ്യത പട്ടികയിലുണ്ടെന്ന റിപ്പോർട്ട് 2019 ൽ പുറത്തുവന്നിരുന്നു. എന്നാൽ എല്ലാ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധി, സുപ്രീം കോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഫോൺ ചോർത്തൽ പട്ടികയിലുണ്ടായിരുന്നു.
തന്റെ ഫോൺ ചോർത്തുന്നതായി കഴിഞ്ഞ ദിവസം മമതാ ബാനർജി ആരോപിച്ചിരുന്നു. “എന്റെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ട്. നമ്മൾ എന്തെങ്കിലും സംസാരിച്ചാൽ അവർ അറിയും. മൂന്ന് വർഷം മുമ്പ് എനിക്കും പെഗാസസ് വാങ്ങാൻ ഒരു ഓഫർ വന്നിരുന്നു. പക്ഷേ ഞാൻ അത് വാങ്ങിയില്ല. സ്വകാര്യതയിൽ ഇടപെടുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെഗാസസ് വാങ്ങിയിരുന്നു,” മമത പറഞ്ഞു.
2016ൽ അധികാരത്തിൽ വന്നത് മുതൽ മമത ബാനർജി സ്‌പൈവെയർ ഉപയോഗിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് അനിർബൻ ഗാംഗുലി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം. മാധ്യമപ്രവർത്തകർ, പ്രതിപക്ഷ രാഷ്ട്രീയക്കാർ, ജഡ്ജിമാർ, മറ്റ് പ്രമുഖർ എന്നിവർക്ക് മേൽ നിരീക്ഷണത്തിനായി സ്പൈവെയർ ഉപയോഗിക്കുന്നതായി ആരോപിച്ചുള്ള ഒരു ഡസൻ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.