ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി.
സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാരുടേയും കെ റെയിൽ വിരുദ്ധ സമിതിയുടേയും പ്രതിഷേധം തുടരുകയാണ്. കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടൽ തടഞ്ഞ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയെടുത്തു. മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ മാടപ്പള്ളിയിൽ പ്രതിഷേധം. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് എത്തി. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. ആത്മഹത്യാ ഭീഷണിയും സമരക്കാർ മുഴക്കി. സംഘർഷമായതോടെയാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. അറസ്റ്റിലായവരിൽ ചിലരെ പൊലീസ് വിട്ടയക്കാതായതോടെ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്തു.
എറണാകുളം തിരുവാങ്കുളത്തിനടുത്ത് മാമലയിലും കെ റെയിനിലെതിരെ ഇന്ന് പ്രതിഷേധമുണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പുരയിടങ്ങളിലേക്ക് കയറി കല്ല് നാട്ടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ അനുവദിച്ചില്ല. വീട്ടമ്മമാരുടെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി പ്രതിഷേധം തീർത്തു. തുടർന്ന് പൊലീസുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ ഗേറ്റ് ചാടി കടന്ന് കല്ല് സ്ഥാപിച്ചു. തുടർന്ന് കല്ല് ഇളക്കി മാറ്റാൻ ശ്രമിച്ച ഗൃഹനാഥനെയും ഏതാനും നാട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.