ന്യൂഡൽഹി : ഡൽഹിയിൽ നേരത്തെ പ്രഖ്യാപിച്ചത് പോലെ മൂന്ന് മുനിസിപ്പൽ കോർപറേഷൻ കൗൺസിലുകളിലും തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. മെയ് 20ന് നിലവിലുള്ള കോർപറേഷനുകളുടെ കാലാവധി തീരുന്നതിന് മുമ്പ് കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
മൂന്ന് കോർപറേഷനുകളും കൂടി ഒന്നാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് അനുസൃതമായി തെരഞ്ഞെടുപ്പ് കമീഷൻ അവസാന നിമിഷം തീരുമാനം മാറ്റിയതിനെ തുടർന്നാണ് ആപ് സുപ്രീംകോടതിയിലെത്തിയത്. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കാൻ മാർച്ച് ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്ക് സംസ്ഥാന രെതഞ്ഞെടുപ്പ് കമീഷൻ വാർത്താസമ്മേളനം വിളിച്ചതാണെന്ന് ആപ് ബോധിപ്പിച്ചു.
ഏപ്രിലിൽ നടത്താനായിരുന്നു കമീഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അര മണിക്കൂർ കഴിഞ്ഞ് വാർത്താകുറിപ്പ് പുറത്തിറക്കുകയാണ് കമീഷൻ ചെയ്തത്. ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ലയിപ്പിച്ച് ഒന്നാക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്താൻ പോകുകയാണെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ആ പത്രകുറിപ്പിലുണ്ടായിരുന്നത്.
കേന്ദ്ര സർക്കാർ അനൗദ്യോഗികമായി കൈമാറിയ ഒരു സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സാധ്യമാണോ എന്ന ഭരണഘടനാപരമായ ചോദ്യം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ആപ് ഹരജിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന് മേൽ സംസ്ഥാന സർക്കാറിനുള്ള സമ്മർദമാണിത് കാണിക്കുന്നതെന്നും ഹരജിയിലുണ്ട്.