തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചെങ്കിലും ഇതു പ്രായോഗികതലത്തിൽ നടപ്പാകുന്നത് അടുത്ത വർഷം മുതൽ ആയിരിക്കും. കഴിഞ്ഞ വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മിക്ക ജീവനക്കാരും നൽകിക്കഴിഞ്ഞു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ളത് 2023 ജനുവരിക്കു ശേഷം നൽകിയാൽ മതി. ഈ സാഹചര്യത്തിൽ ജീവനക്കാരിൽ ഭൂരിപക്ഷവും പുതിയ രീതിയിലുള്ള വിലയിരുത്തലിനു വിധേയരാകുന്നത് അടുത്ത വർഷം ആയിരിക്കും. സ്ഥാനക്കയറ്റത്തിനു സാധ്യതയുള്ള ഭൂരിപക്ഷം പേരും ആദ്യം തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ 3 വർഷത്തെ കോൺഫിഡൻഷ്യൽ റെക്കോർഡും സർവീസും പരിഗണിച്ചാണ് ജീവനക്കാർക്കു സ്ഥാനക്കയറ്റം നൽകുന്നത്. ഒഴിവുകളുടെ മൂന്നിരട്ടി ആളുകളെ പരിഗണിച്ച ശേഷമാകും സ്ഥാനക്കയറ്റം.
ഇപ്പോഴും ഏറ്റവും താഴ്ന്ന ഗ്രേഡ് ആയ ഡി, ഇ എന്നിവ ലഭിക്കുന്നവരെ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാറില്ല. എന്നാൽ, അങ്ങനെ ഗ്രേഡ് ചെയ്താൽ പുനരവലോകനം ചെയ്യാൻ പരാതി നൽകും. അതിനു തയാറായില്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ വരെ സമീപിക്കാറുണ്ട്. പുതിയ വിലയിരുത്തൽ രീതിയിലും ഇത് ആവർത്തിക്കാം. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് നൽകാനുള്ളവർ ഉടൻ നൽകണമെന്ന് ഫെബ്രുവരി 10നും ഈ മാസം 3,10 തീയതികളിലും അധികൃതർ സർക്കുലർ ഇറക്കിയിരുന്നു. ഇതനുസരിച്ച് മിക്കവരും നൽകി. വൈകാതെ വിരമിക്കുന്നവരും മറ്റുമാണ് ഇനി നൽകാനുള്ളത്.