കൊച്ചി: കേന്ദ്രസർക്കാർ വിവിധ പദ്ധതികളിൽ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്രസർക്കർ തടസ്സപ്പെടുത്തുന്ന നിലയാണ്. നേരത്തെ അംഗീകരിച്ച പദ്ധതികൾ പോലും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ശബരിമല വിമാനത്താവളവും കെ റെയിലും ഇതിന് ഉദാഹരണമാണ്. പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
കോച്ച് ഫാക്ടറിയുടെ കാര്യം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തോടുള്ള ഈ നയം തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം മുൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എൻ.ബാലകൃഷ്ണൻ പാർട്ടി വിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കളമശ്ശേരിയിൽ നടക്കുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ വീണ്ടും സമ്മേളനം തെരഞ്ഞെടുത്തിരുന്നു. 13 പുതുമുഖങ്ങൾ അടക്കം 46 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനേയും സമ്മേളനം നിശ്ചയിച്ചു.
നിലവിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ നിന്ന് മുതിർന്ന നേതാക്കളായ കെ എം സുധാകരൻ,ഗോപി കോട്ടമുറിയ്ക്കൽ, പി എൻ ബാലകൃഷ്ണൻ എന്നിവരെ ഒഴിവാക്കി. സെക്രട്ടറേയിൽ വനിതാ പ്രതിനിധിയായി പുഷ്പ ദാസ് എത്തി. ഇതിനിടെ ജില്ലാ കമ്മിറ്റി പാനലിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് കോതമംഗലത്തുനിന്നുളള പി എൻ ബാലകൃഷ്ണൻ ഇറങ്ങിപ്പോയത്. ഇനി പാർടി പ്രാഥമികാഗത്വം പോലും വേണ്ടെന്ന് ബാലകൃഷ്മൻ പ്രതികരിച്ചു. പാനലിൽ നിന്ന് ഒഴിവാക്കിയത് സ്വാഭാവിക നടപടിയാണെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകാനാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.