ന്യൂഡൽഹി: കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ജി 23 നേതാക്കൾ. സംഘടന ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ രാഷ്ട്രീയം അറിയുന്ന പരിചയ സമ്പത്തുള്ള ഒരാളെ കൊണ്ടു വരണം. മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. ജി 23 നേതാക്കൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയാണ് ജി 23 ലെ മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഘടന ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് കെ.സി.വേണുഗോപാലിനെ മാറ്റണമെന്നായിരുന്നു ഉന്നയിച്ച പ്രധാന ആവശ്യം. ഉത്തരേന്ത്യൻ രാഷ്ട്രീയവും ഹിന്ദിയും അറിയുന്ന പരിചയ സമ്പന്നനായ ഒരാളെയാകണം തൽസ്ഥാനത്ത് നിയമിക്കേണ്ടതെന്നും ഹൂഡ രാഹുലിനെ അറിയിച്ചു. ജി 23 പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലന്ന് വ്യക്തമാക്കിയ ഹൂഡ വലിയ തീരുമാനങ്ങൾ കൂട്ടായി ചർച്ച ചെയ്ത് എടുക്കണമെന്ന് രാഹുലിനോട് ആവർത്തിച്ചു.
പ്രവർത്തനരീതിയിൽ മാറ്റം അനിവാര്യമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും സോണിയ ഗാന്ധിയുമായുള്ള ഫോണ്‍ സംഭാഷണത്തിൽ ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മോദിയല്ല പാർട്ടിയെ തകർക്കുന്നത്, നേതൃ നിരയിലുള്ളവരാണെന്നും തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും മനീഷ് തിവാരി പ്രതികരിച്ചു. നവജ്യോത് സിങ് സിദ്ദു പാർട്ടിയെ തകർത്തു. പദവി നൽകിയവർ ഇതിന് മറുപടി നൽകണമെന്നും മനീഷ് തിവാരി കൂട്ടി ചേർത്തു.