കൊല്ലം: തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. ആരാണ് ഇതിന് പിന്നിലെന്ന് പിന്നീട് വെളിപ്പെടുത്തും. നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ വിഷം ബാധിച്ചിരുന്നു. ഇപ്പോഴും ചികിത്സയിലാണ്. പൂർണ്ണമായും രോഗം ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്.
സോളാര്‍ തട്ടിപ്പ് കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി സരിത എസ് നായര്‍ക്ക് ആറ് വര്‍ഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ബിജു രാധാകൃഷ്ണനും സരിതയും പ്രധാന പ്രതികളായ സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏപ്രിലിലാണ് കോടതി വിധി പറഞ്ഞത്. കോഴിക്കോട്ടെ വ്യവസായിയായ അബ്ദുള്‍ മജീദിന്‍റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ടീം സോളാറിന്‍റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.
2013 ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിധി വന്നത്. കുറ്റകരമായ വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, ചതിയിലൂടെ പണം കൈക്കലാക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി പ്രൊസിക്യൂഷന് തെളിയിക്കാനായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ കെ നിമ്മി സരിതയെ കഠിന തടവിന് ശിക്ഷിച്ചത്.