തിരുവനന്തപുരം : സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമെന്ന് കോടിയേരി കുറ്റപ്പെടുത്തി. ‘കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണിത്’. കെ റെയിൽ സർവേ കല്ലുകളിളക്കി മാറ്റുകയും കല്ലിടൽ തടയുകയും ചെയ്യുന്നതിനെ കോടിയേരി വിമർശിച്ചു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
രാജ്യത്ത് ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് ആവർത്തിച്ച കോടിയേരി, ബിജെ പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമമെന്നും പറഞ്ഞു. സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസ് തീരുമാനം. എന്നാൽ അവർക്ക് ബിജെപിയുടെയോ എസ്ഡിപിഐയുടെ പരിപാടിയിൽ പോകാൻ തടസമില്ല. അതൊരു പുതിയ സഖ്യമാണ്. അങ്ങനെയുള്ള അവരെങ്ങനെ ബിജെപിയെ നേരിടുമെന്നും കോടിയേരി ചോദിച്ചു.