കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച വയനാട് സ്വദേശി ഇബ്രാഹിമിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ് വർഷമായി ഇബ്രാഹിം ജയിലിലായിരുന്നു. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം നൽകിയ ജാമ്യഹരജി കോടതി അനുവദിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നും പിടിയിലായ ഇബ്രാഹിം കഴിഞ്ഞ ആറുവര്‍ഷമായി വിയൂര്‍ ജയിലിലാണ്.
ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും കേസിൽ വിചാരണ തുടങ്ങിയിരുന്നില്ല. ഹൃദ്രോഗം, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇബ്രാഹിമിനെ അലട്ടിയിരുന്നു. 2014 ഏപ്രിൽ 24 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി തോക്കുചൂണ്ടിയ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മേപ്പാടി സ്വദേശിയായ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.