കോട്ടയം : കോട്ടയം മാടപ്പള്ളിയിൽ സിൽവർ ലൈനിനെതിരെ നടന്ന സമരത്തിനിടെ പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും കേസെടുക്കുകയും ചെയ്ത ജിജിയെ കോൺഗ്രസ് ചേർത്ത് പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ശക്തമായി തുടരും. ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൂടിയ അബദ്ധ പഞ്ചാംഗമായ ഡി.പി.ആറാണ് സർക്കാരുണ്ടാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥാപിക്കുന്ന സർവേക്കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും വി.ഡി. വ്യക്തമാക്കി. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ ഇന്ന് പോലീസ് കേസെടുത്തിരുന്നു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രിയിൽ ആറ് കല്ല് എടുത്ത് മാറ്റിയതിനും, പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും.
വലിയ പ്രതിഷേധമാണ് ജിജി കഴിഞ്ഞ ദിവസം നടത്തിയത്. താൻ വിദേശത്തുപോയി ചോര നീരാക്കി നിർമ്മിച്ച വീട് സിൽവർ ലൈനിനായി വിട്ടുകൊടുക്കില്ലെന്നാണ് അവർ പറഞ്ഞത്. പദ്ധതി യാഥാർത്ഥ്യമായാൽ വീടും പുരയിടവും നഷ്ടമാവും. താനുൾപ്പടെയുള്ള പ്രതിഷേധക്കാരെ പോലീസുകാർ ക്രൂരമായാണ് ആക്രമിച്ചത്. ലോണെടുത്ത് നിർമ്മിച്ച കടയാണ് ഉപജീവനമാർഗം. അത് നഷ്ടപ്പെടാൻ അനുവദിക്കില്ല. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല. വീട്ടിന് മുന്നിൽ കല്ലിടാൻ വന്നാൽ അത് പറിച്ചെറിയുമെന്നും സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പോലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും സമരക്കാരിലൊരാളായ ജിജി വ്യക്തമാക്കി.
മാടപ്പള്ളിയിലെ പോലീസ് നടപടിയെ ന്യായികരിച്ച് ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ നേരത്തേ രംഗത്തെത്തിയിരുന്നു. പോലീസ് ആരെയും മർദിച്ചിട്ടില്ലെന്നും അവർ അവരുടെ ഉത്തവാദിത്തം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ചില ആളുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ കൊണ്ട് അഭിനയിപ്പിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. തനിക്ക് ഒരു രാഷ്ട്രീയ ലാഭവും ഈ പദ്ധതിയിൽ നിന്നും ലഭിക്കാനില്ല. മടാപള്ളിയിലെ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഓരോ ആശങ്കകൾക്കും പരിഹാരം കാണാൻ ശ്രമിക്കും’- എംഎൽഎ ജോബ് മൈക്കിൾ വ്യക്തമാക്കി.