തിരുവനന്തപുരം : സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്നും അലോക് കുമാര്‍ വര്‍മ പറഞ്ഞു. പദ്ധതി നല്ലതാണോ മോശമാണോ എന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയ സാഹചര്യത്തില്‍ ലഡാര്‍ സര്‍വേ നടന്നിരിക്കുന്നു. ലഡാര്‍ സര്‍വേയുടെ ഉദ്ദേശം തന്നെ ഈവിധത്തിലുള്ള പ്രശ്‌നങ്ങളൊഴിവാക്കുകയെന്നത് തന്നെയാണ്. ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ട്. അത് പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതിന് അനുബന്ധമായ ഡയഗ്രവും മറ്റു തയാറാക്കി ജനങ്ങളോട് ഈ കാര്യങ്ങളെല്ലാം വിശദീകരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. ലഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. സില്‍വര്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന നിലപാടാണ് സിപിഐഎം ആവര്‍ത്തിക്കുന്നത്. സര്‍വേക്കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കല്ലിടല്‍ സ്ഥലത്തുനിന്നും കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടുപോകുന്നു. അവര്‍ക്ക് കല്ല് വേണമെങ്കില്‍ നമ്മുക്ക് എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കാം. ഈ കല്ലുകള്‍ കൊണ്ടുപോകേണ്ട കാര്യമുണ്ടോ? കോടിയേരി പരിഹസിച്ചു. നശീകരണ രീതിയിലാണ് കേരളത്തിലെ പ്രതിപക്ഷം ചിന്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പോലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.