തിരുവനന്തപുരം : പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കമ്മിഷൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാകാത്തത്. മൂന്നും നാലും സെന്റ് സ്ഥലത്ത് വീടുവെച്ചു കഴിയുന്ന പാവപ്പെട്ടവരെ ഇക്കാര്യം പറഞ്ഞ് ഉപദ്രവിക്കുന്നത് ദൗർഭാഗ്യകരമാണ്. പോലീസിനെ ഉപയോഗിച്ച് കല്ലിടാനും ഭൂമി ഒഴിപ്പിക്കാനുമുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാവരും ചേർന്ന് വലിയ രീതിയിലുള്ള ബഹുജന സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയെന്നും വീട്ടിന് മുറ്റത്ത് നിൽക്കുന്ന വനിതകളെ ഉൾപ്പടെ പോലീസ് ഗുണ്ടകൾ ആക്രമിക്കുകയാണെന്നും ആരോപിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നേരത്തേ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടത് വനിതാ പോലീസുകാരാണ്. ആളറിയാതിരിക്കാൻ സ്വന്തം നയിം ബാഡ്ജ് ഉൾപ്പടെ അഴിച്ച് മാറ്റിയ ശേഷം ഹെൽമറ്റ് വെച്ചാണ് പോലീസുകാർ സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. വനിതാമതിൽ കെട്ടിയ മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കൾ പോലീസിന്റെ അതിക്രമത്തെപ്പറ്റി ഒന്നും പ്രതികരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.