തിരുവനന്തപുരം : പശ്ചാത്തല സൗകര്യ വികസനത്തിനു സർക്കാരിന്റെ പണത്തിനു പുറമേ സ്വകാര്യ മൂലധനവും നിബന്ധനകൾക്കു വിധേയമായി സ്വീകരിക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങൾക്കെതിരെ യുദ്ധം ചെയ്യാനല്ല, കൂടെ നിർത്താനാണ് സർക്കാർ നോക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടും. സിൽവർലൈൻ നേരിട്ട് ബാധിക്കുന്ന ആളുകളുമായി സർക്കാർ ചർച്ചയ്ക്കു തയാറാണെന്നും പാർട്ടി വികസനരേഖ പ്രകാശനം ചെയ്തു കോടിയേരി പറഞ്ഞു.
എല്ലാം കോർപറേറ്റുകളെ എൽപ്പിക്കുകയെന്ന കേന്ദ്ര നയത്തിനു പകരം എല്ലാ മേഖലയിലും സർക്കാർ ഇടപെടുക എന്നതാണ് പാർട്ടി കാഴ്ചപ്പാട്. കേന്ദ്രത്തിൽനിന്ന് സഹായം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാര്‍ ഇടപെട്ടാൽ മാത്രം എല്ലാ മേഖലകളും ശരിയാകില്ല. പശ്ചാത്തല സൗകര്യവികസനം സർക്കാർ ഫണ്ട് മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല. അതിനു പുതിയ വരുമാന മാർഗം വേണം. സർക്കാരിന്റെ പണത്തിനു പുറമേ സ്വകാര്യ മൂലധവും ഉപയോഗിക്കേണ്ടിവരും. സ്വകാര്യ മൂലധനം ഉപയോഗിക്കുമ്പോൾ കരുതൽ വേണം.
നാടിന്റെ താൽപര്യത്തെ ഹനിക്കാതെ വിദേശവായ്പ സ്വീകരിക്കണം. വായ്പ എടുത്തേ ചില വികസന പദ്ധതികളുമായി മുന്നോട്ടു പോകാനാകൂ. സ്വകാര്യ മൂലധനം സ്വീകരിക്കുമ്പോൾ നിബന്ധനകൾ സർക്കാർ പരിശോധിക്കണം. സംസ്ഥാന താൽപപര്യത്തിന് അനുസരിച്ചാണെങ്കിൽ മാത്രമേ സ്വീകരിക്കാവൂ. ശക്തമായ സാമൂഹിക നിയന്ത്രണം വേണം. പദ്ധതിയുടെ നയരൂപീകരണത്തിൽ വായ്പാ സ്ഥാപനങ്ങൾ പങ്കാളികളാകരുത്.പാർട്ടി നയരേഖ മുന്നണിയുടെ രേഖയാക്കി മാറ്റും. അതിനായി ഘടകകക്ഷികളുമായി ചർച്ച നടത്തും. അതായിരിക്കും പിന്നീട് സർക്കാരിന്റെ നയരേഖയായി മാറുക. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും ആരായും. മാറ്റങ്ങൾ വേണമെങ്കിൽ ചർച്ച ചെയ്ത് സർക്കാർ നടപ്പിലാക്കും. പാർട്ടി സമ്മേളനത്തിലെ നിർദേശങ്ങൾ കൂടി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വം പങ്കെടുത്ത യോഗമാണ് നയരേഖ അംഗീകരിച്ചത്. പിബിക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അവർ ഇടപെടുമായിരുന്നു.
സിൽവർലൈൻ വിഷയത്തിൽ സമരം നടത്തേണ്ടവർക്കു നടത്താമെന്നും, സർക്കാർ വികസന നടപടികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു. പൊലീസിനു മാർഗതടസ്സം സൃഷ്ടിച്ചാൽ അതിനെ നീക്കാനുള്ള നടപടി ഉണ്ടാകും. ഒന്നും ചെയ്യാൻ സമ്മതിക്കില്ലെന്ന ചിലരുടെ നിലപാടിനു വഴങ്ങിയാൽ സർക്കാർ ഉണ്ടാകില്ല. വെടിവയ്പ് ഉണ്ടാക്കി ‘നന്ദിഗ്രാം’ സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ അതിനു കഴിയില്ല. ഗെയിൽ പദ്ധതിക്കെതിരെയും ഇടമൺ–കൊച്ചി വൈദ്യുതി ലൈനിനെതിരെയും സമരം നടന്നിട്ടുണ്ട്. തടസ്സം നോക്കി നിന്നാൽ പദ്ധതി നടപ്പിലാകില്ല.
പഠനം നടത്താനാണ് കല്ലിടുന്നത്. അല്ലാതെ കല്ലിടുന്ന ഭാഗം മുഴുവനായി ഏറ്റെടുക്കില്ല. യുഡിഎഫും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണ്. മാർക്സിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനായി അവർ ബിജെപി–എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവരുമായി ചേരുകയാണെന്നും കോടിയേരി ആരോപിച്ചു. വിലപേശി രാജ്യസഭാ സീറ്റുവാങ്ങുന്ന കക്ഷിയല്ല സിപിഐയെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത് വിലപേശലിന്റെ ഭാഗമായിട്ടാണെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ ആരോപിച്ചിരുന്നു.