ന്യൂഡൽഹി: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമ വിദ്വേഷമുണർത്തുന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ അംഗവുമായ ജയറാം രമേഷ് പറഞ്ഞു.
ചില സിനിമകൾ മാറ്റത്തിന് പ്രചോദനം നൽകുമ്പോൾ കാശ്മീർ ഫയൽസ് സമൂഹത്തിൽ വിദ്വേഷമുണർത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സത്യത്തിന് നീതിയിലേക്ക് നയിക്കാനും സമാധാനത്തെ പുനസ്ഥാപിക്കാനും സാധിക്കും. സത്യത്തെയും ചരിത്രത്തെയും വളച്ചൊടിച്ച് രോഷം ആളികത്തിക്കുകയും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ അവരുടെ ജീവിതത്തിലേറ്റ മുറിവുകളുണക്കാൻ ശ്രമിക്കുമ്പോൾ വിദ്വേഷ പ്രചാരകർ ജനങ്ങളുടെ ഭയം മുതലെടുത്ത് ഭരണത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മാർച്ച് 11ന് റിലീസായ ചിത്രം കശ്മീർ പണ്ഡിറ്റുകളുടെ പാലായനത്തെ കുറിച്ചാണ് പറയുന്നത്. കശ്മീരി പണ്ഡിറ്റുകളെ മാതൃരാജ്യത്തു നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന തരത്തിൽ ഏകപക്ഷീയമായി പറഞ്ഞുവെക്കുന്ന സിനിമക്കെതിരെ പ്രതിപക്ഷ പാർട്ടികളുൾപ്പടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ ചരിത്രത്തെ വളൊച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തി കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.