കൊച്ചി: സി.പി.എം ചെയ്തതു പോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ സ്ത്രീകളും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണിത്. രാഷ്ട്രീയ പ്രവര്‍ത്തകരെക്കാള്‍ കരുത്തിലും ആത്മവിശ്വസത്തിലുമാണ് ജനങ്ങളെന്നും സതീശൻ പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കേരളം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നന്ദിഗ്രാമില്‍ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനകീയ സമരമാണ് നടക്കുന്നത്. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ്. കൃത്യമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് യു.ഡി.എഫ് പദ്ധതിയെ എതിര്‍ക്കുന്നത്. മുഖ്യമന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞാല്‍ ആ ധാര്‍ഷ്ട്യത്തിന് പ്രതിപക്ഷം വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ചാണ് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം രാജ്യസഭ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. പാര്‍ലമെന്ററി രംഗത്ത് വനിതകള്‍ക്ക് കോണ്‍ഗ്രസ് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന വിമര്‍ശനം കൂടി പരിഗണിച്ചാണ് തീരുമാനം. ചെറുപ്പക്കാര്‍ വരണമെന്ന പൊതുഅഭിപ്രായം ഉയര്‍ന്ന് വന്നിരുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.