മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. മുന്‍പൊക്കെ പ്രായമായവരിലാണ് ഈ അര്‍ബുദം കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്നും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കോളോണ്‍ കാന്‍സറിന്റെ കാര്യത്തില്‍ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്ക് അര്‍ബുദം പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെങ്കില്‍ റെക്ടല്‍ കാന്‍സറിന്റെ കാര്യത്തില്‍ ഇത് നാല് ശതമാനമാണ്. അലസമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണമെന്ന് കരുതപ്പെടുന്നു.
കോളോ റെക്ടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്
പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നത് കോളോ റെക്ടല്‍ കാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഒന്നും രണ്ടുമൊന്നുമല്ല ഗണ്യമായ തോതിലുള്ള ഭാരനഷ്ടമാണ് ഈ അര്‍ബുദ രോഗികളില്‍ ഉണ്ടാവുക.
മലവിസര്‍ജ്ജനത്തില്‍ മാറ്റങ്ങള്‍
മലവിസര്‍ജ്ജനത്തിന്റെ ആവൃത്തി, മലത്തിന്റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ ഈ അര്‍ബുദത്തിന്റെ ഭാഗമായി ഉണ്ടാകാം. പലപ്പോഴും യുവാക്കളില്‍ വൈകിയ വേളയിലാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുക. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധനകള്‍ നടത്താന്‍ വൈകരുത്.
വയറില്‍ വേദന
വയറില്‍ കൊളുത്തിപ്പിടിക്കുന്നത് പോലുള്ള വേദന പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ഇത്തരത്തില്‍ വേദന വരുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.
നിരന്തരമായ അതിസാരം, മലബന്ധം
വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഈ അര്‍ബുദത്തിന്റെ ലക്ഷണമാണ്. അതിസാരം, മലബന്ധം എന്നിവ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയാല്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണം.
മലത്തില്‍ രക്തം
മലബന്ധമൊന്നും കൂടാതെ തന്നെ മലത്തില്‍ രക്തം കാണപ്പെട്ടാല്‍ അതും കോളോ റെക്ടല്‍ കാന്‍സര്‍ മൂലമാകാം. ഇത്തരത്തിലുള്ള ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളോ റെക്ടൽ കാൻസർ സാധ്യത 40 ശതമാനം വരെ കുറയ്ക്കുമെന്ന് അമേരിക്കയിലെ വാൻഡർബിൽറ്റ് സർവകലാശാല നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 45 വയസ്സിൽ തന്നെ ഇത് നിർണയിക്കാനുള്ള പരിശോധനകൾ നടത്തി തുടങ്ങണമെന്നും ഇതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. കോളോണോസ്കോപ്പി, സിടി കോളോണോഗ്രാഫി, ഫ്ലെക്സിബിൾ സിഗ്മോയ്ഡോസ്കോപ്പി പോലുള്ള ഡയറക്റ്റ് വിഷ്വലൈസേഷൻ പരിശോധനകളും മലത്തിന്റെ പരിശോധനയും കോളോ റെക്ടൽ കാൻസർ നിർണയത്തിന് സഹായിക്കും.