തിരുവനന്തപുരം: ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന് ആരോപിച്ചു. ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന് ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന് ആരോപിച്ചത്. കാട്ടാക്കട കിള്ളിയില്‍ എട്ടിരുത്തിയിലെ ചിക്കന്‍ സ്റ്റാളില്‍ ദേശീയപതാക അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചെന്നും സ്റ്റാളില്‍ കമ്പി അഴിയില്‍ പതാക കെട്ടി കൈ തുടക്കാനാണ് ഉപയോഗിച്ചതെന്നും പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇതിന്റെ ചിത്രങ്ങളും വീഡിയോ സഹിതം കാട്ടാക്കട പോലീസിന് വാട്ട്സ് ആപ്പില്‍ കൈമാറിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുയര്‍ന്നു. പരാതി ലഭിച്ച് സ്ഥലത്തെത്തിയെങ്കിലും പതാക കണ്ടില്ലെന്ന് പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ വിവരം കിട്ടിയ ഉടനെ ചിക്കന്‍ സ്റ്റാള്‍ ഉടമക്ക് രഹസ്യ വിവരം നല്കി പതാക അഴിപ്പിച്ചുവെന്നും ആരോപണമുയര്‍ന്നു.