ദില്ലി : പൂര്‍ണമായും കടലാസ് രഹിതമായി നിയമസഭ ചേർന്നതോടെ ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ് മാറി. കഴിഞ്ഞ ദിവസം സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ കടലാസുകൾക്ക് പകരമായി ടാബ്ലെറ്റോ ഇ-ബുക്കോയാണ് നല്‍കിയത്. ഹിമാചൽ പ്രദേശിൽ ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും സഭകൾ സമാനമായി പദ്ധതി പിന്തുടരാന് ആലോചിക്കുന്നുണ്ടെന്ന് നാഗാലാന്‍ഡ് സ്പീക്കർ ശരിങ്കെയ്ന്‍ ലോങ്കുമാർ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാല്‍, പാർലമെന്റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇ-വിധാന്‍ സഭ പദ്ധതിയനുസരിച്ച് ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാവും സഭാ നടപടികള്‍ പുരോഗമിക്കുക. പദ്ധതി പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനുള്ള ചെലവുകൾ 90:10 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാന സർക്കാരും ചേര്‍ന്നാണ് വഹിയ്ക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇ‐വിധാൻ സഭ പദ്ധതി ആവിഷ്കരിച്ചത്.