ദില്ലി : ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം. സമ്മർദ്ദം കൊണ്ട് തിരക്ക് പിടിച്ച ഇന്നത്തെ ജീവിതകാലത്ത് അൽപമൊന്ന് സന്തോഷിക്കാൻ പോലും സാധിക്കാനാകാത്ത ആളുകളുണ്ട്. ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. 2012-ൽ നടന്ന ആദ്യത്തെ യുഎൻ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. 2013 മാർച്ച് 20 ന് യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസിന്റെ സമാരംഭത്തോടൊപ്പം ആദ്യത്തെ അന്താരാഷ്ട്ര സന്തോഷ ദിനവും ആഘോഷിച്ചു. ഈ ദിനം സ്ഥാപിക്കുന്നതിനും ആചരിക്കുന്നതിനും പിന്നിലെ ആശയം സാമ്പത്തിക പുരോഗതിയും വളർച്ചയും എല്ലാം അല്ലെന്നും സന്തോഷത്തിനും ക്ഷേമത്തിനും തുല്യ മുൻഗണന നൽകണമെന്നും ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു.
‘ശാന്തമായിരിക്കുക, വിവേകത്തോടെ ഇരിക്കുക, ദയ കാണിക്കുക എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിലെ പ്രമേയം. 2015 ൽ ആളുകളുടെ ജീവിതം കൂടുതൽ ആരോഗ്യ പൂർണമാക്കാൻ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സന്തോഷം. ലോകത്ത് സന്തോഷം വർധിപ്പിക്കാൻ ഓരോ വ്യക്തിക്കും, ഓർഗനൈസഷനും, രാജ്യത്തിനും പാലിക്കാൻ കഴിയുന്ന 10 കാര്യങ്ങളും ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരുന്നു. ഇത് വഴി ആഗോളതലത്തിൽ സന്തോഷം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യം കുറയ്ക്കുക, ഭൂമി സംരക്ഷിക്കുക, അസമത്വം കുറയ്ക്കുക ഈ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നുണ്ട്.