തിരുവനന്തപുരം : കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം. കേരള ഘടകവുമായി ചർച്ച നടത്തും. ചർച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്ന് ശരത് യാദവ് പറഞ്ഞു. സംസ്ഥാന ഘടകം പിരിച്ചുവിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം വ്യക്തമാക്കി. 25 വർഷത്തിന് ശേഷം ശരദ് യാദവിൻറെ എൽ.ജെ.ഡി, ലാലു പ്രസാദ് യാദവിൻറെ ആർജെഡിയിൽ ലയിച്ചു. ശരദ് യാദവിൻറെ ഡൽഹിയിലെ വസതിയിലായിരുന്നു ലയന ചടങ്ങ്. പിളർന്ന് പല വഴി പിരിഞ്ഞ ജനതാദൾ പാർട്ടികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശരദ് യാദവ് പറഞ്ഞു. “ഞങ്ങളുടെ പാർട്ടിയെ ആർജെഡിയിൽ ലയിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാണ്. ഇപ്പോൾ ഐക്യത്തിനാണ് ഞങ്ങളുടെ മുൻഗണന. അതിന് ശേഷം മാത്രമേ സംയുക്ത പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന് ഞങ്ങൾ ചിന്തിക്കൂ.ബിജെപിയെ തോൽപ്പിക്കാൻ ഇന്ത്യയിലുടനീളം പ്രതിപക്ഷം ഒന്നിക്കേണ്ടത് അനിവാര്യമാണ്”- ശരദ് യാദവ് പറഞ്ഞു.
“രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ ജനതാദളിൽ നിന്നും പിരിഞ്ഞുപോയ പാർട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞാൻ വളരെക്കാലമായി പ്രവർത്തിക്കുന്നു. അതിനാൽ, എന്റെ പാർട്ടിയായ എൽ.ജെ.ഡിയെ ആർ.ജെ.ഡിയിൽ ലയിപ്പിക്കാൻ ഞാൻ തീരുമാനിച്ചു”- എന്നാണ് ലയനത്തിന് മുൻപ് ശരദ് യാദവ് പറഞ്ഞത്. ശരദ് യാദവ് സോഷ്യലിസ്റ്റ് ഐക്കണും പിതൃതുല്യനുമാണെന്ന് തേജസ്വി യാദവ് പറഞ്ഞു- “ഇന്ത്യൻ രാഷ്ട്രീയത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അദ്ദേഹം പിതൃതുല്യനാണ്. ഞങ്ങളെ നയിക്കും”. എൽ.ജെ.ഡി – ആർ.ജെ.ഡി ലയനം പ്രതീകാത്മകം മാത്രമല്ലെന്ന് ആർ.ജെ.ഡി ദേശീയ വക്താവ് സുബോധ് മേത്ത പറഞ്ഞു.