തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്നുവീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് ജീപ്പിൽ നിന്ന് ചാടിയ പാപ്പനംകോട് സ്വദേശി സനോഫറാണ് ഇന്ന് മരിച്ചത്. സനോഫർ ആക്രമിക്കുന്നതായി വീട്ടുകാര് പരാതി നല്കിയിരുന്നു. പൂന്തുറ സ്റ്റേഷനിലെ പോലീസുകാർ സനോഫറിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സനോഫറും ഭാര്യയും സ്റ്റേഷനിലെത്തിയ ശേഷം പോലീസ് ഇവരെ തിരിച്ചയച്ചു. പിന്നീട് സനോഫർ കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നു. പോലീസെത്തി ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീട്ടുകാര് ആശുപത്രിയിൽ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുത്തില്ല. പോലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചുവെങ്കിലും സനോഫറിനെയും പോലീസുകാരെയും അകത്തേക്ക് കടത്താതെ വീട്ടുകാർ ഗേറ്റ് അടച്ചുവെന്നും പോലീസ് ആരോപിക്കുന്നു. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പോലീസുകാർ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടുന്ന ജീപ്പിന്റെ പുറകിൽ നിന്നും ചാടി ഓടാൻ ഇയാൾ ശ്രമിച്ചത്. സനോഫറിനെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സനോഫർ ജീപ്പ് തുറന്ന് പുറത്തേക്ക് ചാടുന്നത് കോർപറേഷൻ ജീവനക്കാരനായ രാഹുൽ കണ്ടിരുന്നു. ഇയാളും പോലീസിനൊപ്പം ആശുപത്രിയിലേക്ക് പോയി. സനോഫർ സ്വയം വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ജീപ്പിന് പിന്നിൽ ബൈക്കിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.