ജമ്മു കശ്മീർ: കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിവിധ കാരണങ്ങളാൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീർ താഴ്വരയിൽ നടന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം തീവ്രവാദമായിരുന്നുവെന്നും ആസാദ് ചൂണ്ടിക്കാട്ടി. 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആസ്പദമാക്കി ചിത്രീകരിച്ച ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയെ ചൊല്ലി നിലനിൽക്കുന്ന വിവാദങ്ങൾക്കിടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
രാഷ്ട്രീയ പാർട്ടികൾ മതത്തിന്‍റെയും ജാതിയുടെയും പേരിൽ 24 മണിക്കൂറും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ്. ഈ വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള ഒരു പാർട്ടിയോടും ക്ഷമിക്കില്ലെന്നും ആസാദ് പറഞ്ഞു. പരിഷ്കൃത സമൂഹം ഇതിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ജാതി നോക്കാതെ എല്ലാവർക്കും നീതി ഉറപ്പാക്കണം. ജമ്മു കശ്മീരിൽ സംഭവിച്ചത് ഹിന്ദുക്കൾ, കശ്മീരി പണ്ഡിറ്റുകൾ, മുസ്ലിംകൾ എന്നിവരുൾപ്പെടെ കശ്മീരിലെ എല്ലാവരെയും ബാധിച്ചുവെന്ന് ആസാദ് ചൂണ്ടിക്കാട്ടി.
മാർച്ച് 11ന് പുറത്തിറങ്ങിയ വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയിൽ പാക് പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടർന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്. സിനിമയെ ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ കലഹം രൂക്ഷമായിരുന്നു.












