പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകൾ സഹായകരമാണ്. എണ്ണമയമുള്ള ചർമ്മത്തിനുള്ള മികച്ച ക്ലെൻസറാണ് കടലമാവ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. സോപ്പിന് പകരം കടലമാവ് ഉപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. കടലമാവിൽ അൽപം പാൽ ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. ഇത് മുഖത്തെ ചുളിവുകൾ അകറ്റാൻ ഫലപ്രദമാണ്.
കടലമാവിൽ തെെര് ചേർത്ത് മുഖത്തിടുന്നത് വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. കുളിക്കുന്നതിനു മുൻപ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടുന്നത് മുഖകാന്തി വർദ്ധിക്കും. മാത്രമല്ല ചർമ്മത്തിന്റെ സ്വാഭാവിക നിലനിർത്തി തിളക്കവും മൃദുത്വവും നൽകാനും ഫലപ്രദമാണ് ഇത്. കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ ഏറെ നല്ലതാണ്. ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറി മുഖം ശോഭിക്കാൻ ഇത് ഫലപ്രദമാണ്. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത ഹീലറാണ് മഞ്ഞൾ. ഈ ഫേസ് പാക്ക് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇടുന്നത് കൂടുതൽ ഗുണം ചെയ്യും.