കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ചട്ടപ്രകാരമുള്ള പരാതി ബാർ കൗൺസിലിൽ ലഭിച്ചിട്ടില്ലെന്ന് ബാർകൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ.അനിൽകുമാർ. ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെ അഭിഭാഷകനെതിരെ പുതിയ പരാതി നൽകിയാൽ പരിശോധിക്കും. അതിജീവിത നേരത്തെ ഇ-മെയിൽ വഴിയാണ് ബാർ കൗൺസിലിന് പരാതി നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ബാർ കൗൺസിൽ ചട്ടപ്രകാരം പരാതി ലഭിച്ചാൽ അത് അന്വേഷിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെങ്കിൽ എതിർകക്ഷികളിൽ നിന്നും മറുപടി തേടും. മറുപടി പരാതിക്കാരിക്ക് നൽകിയ ശേഷം അവരുടെ ഭാഗവും കേൾക്കുമെന്നും വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. അഭിഭാഷകരുടെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഡിസിപ്ലിൻ കാത്ത് സൂക്ഷിക്കണമെന്നതും പ്രധാനമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
പ്രതികളുമായി ചേർന്ന് 20 ലെറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. ഇതിന് ബാർ കൗൺസിൽ മറുപടി നൽകിയതുമാണ്. പരാതിയിൽ തെറ്റുകളുണ്ടെന്നും തെറ്റ് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമായിരുന്നു ബാർ കൗൺസിലിന്റെ മറുപടി.