തിരുവനന്തപുരം : ജെബി മേത്തര്‍ നാമര്‍ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല. അത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികള്‍ തീരുമാനത്തെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‘സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്പരമുള്ള പ്രസ്താവനകളും മറ്റ് കാര്യങ്ങളും തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിട്ടുള്ളതാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല എന്ന് തന്നെയാണ് എല്ലാവരുടേയും അഭിപ്രായം. കെപിസിസി പ്രസിഡന്റ് അതിനെതിരെ തീര്‍ച്ചയായും നടപടിയെടുക്കണം.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു എന്നത് ശരിയാണ്. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു പേര് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ വിവാദങ്ങളില്ല. എല്ലാവരും അത് അംഗീകരിക്കുകയാണ്. അതുകൊണ്ട് ജെബി മേത്തര്‍ നോമിനേഷന്‍ കൊടുക്കുകയാണ്. ഇന്ന് എന്നെ വിളിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിക്ക് എല്ലാവരും പൂര്‍ണ പിന്തുണ നല്‍കും. ആവശ്യമില്ലാത്ത വാര്‍ത്തകളും മറ്റ് കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കൊടുക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം’- രമേശ് ചെന്നിത്തല പറഞ്ഞു.