തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെയുള്ള അഴിമതി കേസുകൾ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഫോർമാൻ ഗ്രേഡ് ഒന്നായി നിയമനം ലഭിച്ച എ. രാജു വിരമിച്ച സാഹചര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ എ. രാജുവിന് നൽകേണ്ട ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്നും കോടതി ഉത്തരവിട്ടു. 2011-13 കാലയളവിൽ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായിരിക്കെ തുഷാർ വെള്ളാപ്പള്ളിയും മറ്റ് ദേവസ്വം ഭാരവാഹികളുമായി ചേർന്ന് അനധികൃത നിയമനങ്ങൾ നടത്തിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനക്കാരുടെ പ്രതിനിധിയായി ബോർഡ് അംഗമായി പ്രവർത്തിച്ചിരുന്ന എ. രാജുവിനെ ഫോർമാൻ ഗ്രേഡ് ഒന്നായി നിയമിച്ചതും, കെ. രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റായി നിയമിച്ചതും ചട്ടങ്ങൾ മറികടന്നാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.