കോഴിക്കോട് : സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി വി. അജിത് കുമാർ. ഇപ്പോൾ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കൽ നടപടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. നഷ്ടപരിഹാരം നൽകാതെ ആരുടെയും ഭൂമി ഏറ്റെടുക്കില്ല. കല്ലിടീൽ 2 മാസത്തിനുള്ളിൽ തീർക്കും. അത് കഴിഞ്ഞശേഷം മൂന്ന് മാസത്തിനുള്ളിൽ സാമൂഹ്യാഘാത പഠനം നടത്തും.
സമരം മൂലം കല്ലിടീൽ തടസപ്പെട്ടാൽ പദ്ധതിക്ക് കാലതാമസമുണ്ടാകും. സർവേ നടപടികളുമായി മുന്നോട്ടുതന്നെ പോവുമെന്നും തടസങ്ങൾ മാറ്റിത്തരേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കല്ലായിൽ നടന്ന പ്രതിഷേധത്തിനിടെ സിൽവർ ലൈൻ സർവേക്കല്ലുകൾ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു. സമര സമിതി പ്രവർത്തകരും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും സംഘടിച്ച് പോലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോഗസ്ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ സംഘടിച്ചെത്തി സർവേയ്ക്കായി വന്ന വാഹനം സ്ഥലത്തുനിന്ന് മാറ്റിച്ചു. പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തെത്തി.
സിൽവർ ലൈൻ സമരത്തിൽ തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുന്നെന്ന് വിമർശിച്ച് മന്ത്രി സജി ചെറിയാൻ നേരത്തേ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരമാണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.