തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലിടല്ലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ചോറ്റാനിക്കരയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. കോട്ടയം നട്ടാശ്ശേരിയിലും കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്നു.
കോഴിക്കോട് കല്ലായിയിൽ വീണ്ടും സംഘർഷമുണ്ടായി. ഉദ്യോഗസ്ഥർ കല്ലിടൽ വീണ്ടും തുടങ്ങിയതാണ് സംഘർഷത്തിലെത്തിയത്. നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. കെ റെയില്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളികളുമായി പൊലീസുമായി നാട്ടുകാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് കല്ലിടല്‍ നിർത്തിവച്ചു.
സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിക്കുന്നു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.