തിരുവനന്തപുരം: കെ. റെയിലിന് ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദം തിരുത്തി എം.ഡി വി. അജിത് കുമാർ. കെ. റെയിലിന് ബഫർ സോൺ ഉണ്ടെന്ന് എം.ഡി പറഞ്ഞു. റെയിൽപാതയുടെ ഇരുവശങ്ങളിലും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ട്. അഞ്ച് മീറ്ററിൽ യാതൊരു നിർമാണവും അനുവദിക്കില്ല. ബാക്കി അഞ്ച് മീറ്ററിൽ അനുമതിയോടെ നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്നും എം.ഡി വ്യക്തമാക്കി.
കെ. റെയിലിന് ബഫർ സോണില്ലെന്നാണ് മന്ത്രി സജി ചെറിയാൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. വെറുതെ കള്ളം പറയുകയാണെന്നും വിമർശകർ ഡിപിആർ പഠിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. താൻ ഡി.പി.ആർ. വിശദമായി പഠിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ റെയിൽവേ കടന്നു പോകുന്നിടത്ത് 10 മീറ്ററാണ് ബഫർ സോൺ ഉള്ളത്. എന്നാൽ കെ റെയിലിന് ഒരു മീറ്റർ പോലും ബഫർ സോണില്ല. ഭൂരിപക്ഷം സ്ഥലങ്ങളിലും മേൽപ്പാലത്തിലൂടെയാണ് കെ. റെയിൽ കടന്നു പോകുക. ഒരാളുടെയും ഒരു മീറ്റർ സ്ഥലം പോലും അനധികൃതമായി എടുക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.