ബെയ്ജിങ്: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ചൈനയിലെ വടക്കുകിഴക്കൻ ഭാഗങ്ങൾ വീണ്ടും അടച്ചിടലിലേക്ക്. ജിലിൻ പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിലിൻ തിങ്കളാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുകയാണ്. 4.5 ദശലക്ഷം ജനങ്ങളാണ് നഗരത്തിൽ വസിക്കുന്നത്. ഞായറാഴ്ച 4000 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നിൽ രണ്ടും റഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ജിലിനിൽ നിന്നാണ്. പ്രവിശ്യ തലസ്ഥാനമായ ചാങ്ചുനിലും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പോകുന്ന വിവരം ശനിയാഴ്ച അധികൃതർ അറിയിച്ചിരുന്നു.മാർച്ച് 11 മുതൽ ചാങ്ചുനിലെ ഒമ്പത് ദശലക്ഷം വരുന്ന ജനങ്ങളെ രണ്ടു ദിവസത്തിലൊരിക്കൽ ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് പുറത്തിറങ്ങാൻ അനുവദിക്കുന്നത്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമാണ് പുറത്തിറങ്ങാൻ അവസരമുള്ളത്. ശനിയാഴ്ച ഒരു വർഷത്തിന് ശേഷം ആദ്യമായി ചൈനയിൽ രണ്ട് കോവിഡ് മരണങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചയ്തതോടെയാണ് നിയന്ത്രണങ്ങൾകടുപ്പിച്ചത്.കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മറ്റ് ചില പ്രവിശ്യകളിലും ലോക്ഡൗൺ ഏർപെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ വേണ്ടി ആശുപത്രികളിൽ ബെഡ് സൗകര്യങ്ങൾ കൂട്ടുന്നുണ്ട്. ജിലിൻ പ്രവിശ്യയിൽ മാത്രം എട്ട് താൽക്കാലിക ആശുപത്രികളും രണ്ട് ക്വാറന്റീൻ കേന്ദ്രങ്ങളുംതയാറാക്കിയിട്ടുണ്ട്.