തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിൽ തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വി എസ് അച്യുതാനന്ദനെതിരായ സബ് കോടതി വിധി. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടി ബിനാമി പേരിൽ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു എന്ന് വി എസ് അച്യുതാനന്ദൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. പരമാർശം സാധൂകരിക്കാനാകുന്ന തെളിവുകളൊന്നും വി എസിന് സമർപ്പിക്കാനായിരുന്നില്ല. തെളിവുകൾ ഹാജരാക്കാൻ തനിക്ക് സാവാകാശം ലഭിച്ചില്ലെന്നും സാക്ഷികളെ വിസ്തരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി എസ് അപ്പീൽ നൽകിയത്.
സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉപാധികളോടെയായിരുന്നു . പതിനഞ്ച് ലക്ഷം രൂപ വി എസ് സബ് കോടതിയിൽ കെട്ടിവെക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്റ്റേ അനുവദിച്ചത്. ഈ തുക വി എസിന് വേണ്ടി മകൻ അരുൺ കുമാർ കോടതിയിൽ കെട്ടിവച്ചിരുന്നു.
വി എസ് അച്യുതാനന്ദന് എതിരായ മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുക എന്നത് വി എസ് അച്യുതാനന്ദന്റെ അവകാശം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു .വി എസ് അച്യുതാനന്ദനെതിരായ മാനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റകാരൻ എന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു.