വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടവും ഓഫീസ് ഫയലുകളും കത്തി നശിച്ചു. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. താലൂക്ക് ഓഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു. ട്രഷറിയിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ഓടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിർത്തി നവീകരണം നടത്തിയിരുന്നു. തീപിടിത്ത കാരണം വ്യക്തമല്ല. കത്തി നശിക്കാത്ത ഫയലുകൾ കെട്ടിടത്തിൽ നിന്നും മാറ്റുന്നുണ്ട്. നാദാപുരം, തലശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. റൂറൽ എസ്.പിയുടെ നിർദേശ പ്രകാരം പോലീസും തീ അണക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു.വടകര എം.എൽ.എ കെ.കെ രമ താലൂക്ക് ഓഫീസ് സന്ദർശിച്ചു.