കൊച്ചി : ഡീസല്‍ വില വർധനയ്ക്ക് എതിരെ കെ എസ് ആർ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ കൂട്ടിയതിനെതിരെയാണ് ഹർജി.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെ എസ് ആർ ടി സിയുടെ വാദം. ബൾക്ക് പർച്ചേസ് വിഭാഗത്തിൽഉൾപ്പെടുത്തിയായിരുന്നു എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്.സാധാരണ വിപണി നിരക്കിൽ ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിർദേശിക്കണമെന്നാണ് ഹർജിയിൽ കെ.എസ് ആർ ടി സി യുടെ ആവശ്യം
നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്. വില വർധന കെ എസ് ആർ ടി സിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണെന്നാണ് സർക്കാർ വാദം.ഇത് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി തന്നെ നേരത്തെ പ്രതികരിച്ചിരുന്നു. 4 ലക്ഷം ലിറ്റർ ഡീസലാണ് കെ എസ് ആർ ടി സിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെ എസ് ആർ ടി സിക്ക് താങ്ങാൻ കഴിയില്ല. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞിരുന്നു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 20 കോടിയായിരുന്നു കെ എസ് ആർ ടി സിയുടെ വരുമാനം. അത് 150 കോടി വരെയാക്കി. 200 കോടി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇടിതീ പോലെ ഇന്ധനവില കൂട്ടിയത്. സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണുണ്ടാകുന്നത്. 2,000 കോടിയുടെ സഹായം സർക്കാർ ഇതിനകം കെ എസ് ആർ ടി സിക്ക് നൽകിയിട്ടുണ്ട്. ഇന്ധനവില ഈ രീതിയിൽ കൂടിയാൽ ഇനി എന്തു സഹായം നൽകിയാലും പിടിച്ചു നിൽക്കാനാവില്ല. സ്വകാര്യ പമ്പിൽ നിന്ന് എക്കാലവും ഇന്ധനം നിറയ്ക്കാവില്ല. ബസ് ചാർജ് വർദ്ധിപ്പിച്ചാലും പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.