തിരുവനന്തപുരം : സംസ്ഥാനമാകെ കെ-റെയില്‍ പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി റവന്യുമന്ത്രി കെ രാജൻ.സർക്കാരിന്റെയോ പാർട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു സിപിഐ മന്ത്രിയുടെ പ്രതികരണം. അതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് സിപിഎം. ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലൻ വിമർശിച്ചു. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വെച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വെച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്നും എ കെ ബാലൻ പറഞ്ഞു.കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും ബാലൻ പറഞ്ഞു.
അതിനിടെ കെ റെയിലിന് എതിരായ സമരത്തിനിടെ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഉണ്ടായ പോലീസ് നടപടിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് എൽഡിഎഫ്. ഇന്ന് വൈകിട്ട് അഞ്ചിന് മറിയപ്പള്ളി പഞ്ചായത്തിലെ തെങ്ങണയിൻ നടക്കുന്ന യോഗത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മന്ത്രി വിഎൻ വാസവൻ, ജോസ് കെ.മാണി എംപി തുടങ്ങി ജില്ലയിലെ എൽഡിഎഫ് നേതാക്കളെല്ലാവരും പങ്കെടുക്കും. മാടപ്പള്ളി സംഭവത്തിൽ വലിയ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് നീക്കം. എൽഡിഎഫിന്‍റെ കെ റെയിൽ നിലപാടിലെ ശക്തിപ്രകടനമായി യോഗം മാറാനാണ് സാധ്യത.