കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയതായി പരാതി. തോറ്റവര്‍ക്ക് വേണ്ടി സര്‍വകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പുനഃപരീക്ഷയും നടത്തി. ബിഎ തോറ്റ 35 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി എംഎ ക്ലാസിലിരുന്ന് പഠിക്കുകയാണ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഓഗസ്റ്റ് 6 നാണ് പിജി പ്രവേശന പരീക്ഷ നടന്നത്. ബിഎ ജയിച്ചവര്‍ക്കും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരുന്നു. അവസാന വര്‍ഷക്കാര്‍ക്ക് പരീക്ഷാ ഫലം വന്നതിന് ശേഷം മാര്‍ക് ലിസ്റ്റ് ഹാജരാക്കിയാലേ അഡ്മിഷൻ നല്‍കാവൂ എന്നാണ് വ്യവസ്ഥ.
കാലടി സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പിജി പ്രവേശനപ്പരീക്ഷയില്‍ ജയിച്ചു. പക്ഷേ ഇവരുടെ അന്തിമ ബിരുദ ഫലം വരുന്നതിന് മുൻപ് തന്നെ എംഎയ്ക്ക് അഡ്മിഷൻ തുടങ്ങി. പ്രവേശന പരീക്ഷയില്‍ ജയിച്ച അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് മുൻഗണനാ അടിസ്ഥാനത്തില്‍ പിജിക്ക് പ്രവേശനം നല്‍കുകയും ചെയ്തു. ബിഎയുടെ ഫലം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് വന്നത്. ഫലം നോക്കിയപ്പോള്‍ പിജിക്ക് പ്രവേശനം ലഭിച്ച അവസാന വര്‍ഷ ബിരുദക്കാരില്‍ 52 പേര്‍ തോറ്റു. ഇവര്‍ക്കെല്ലാം സര്‍വകലാശാല ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത ഒരു പുനഃപരീക്ഷ നടത്തുകയാണിപ്പോള്‍ സര്‍വകലാശാല.
പരീക്ഷ തോറ്റാല്‍ സര്‍വകലാശാലകള്‍ നടത്തുന്നത് സപ്ലിമെന്‍ററി പരീക്ഷയാണ്. കുറഞ്ഞത് ആറ് മാസമെങ്കിലും കഴിയണം സപ്ലിമെന്‍ററി പരീക്ഷയ്ക്ക്. സര്‍വകലാശാല ചട്ടത്തില്‍ പുനഃപരീക്ഷയെന്ന വ്യവസ്ഥയില്ല. പിജി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നാൽ കരാർ അധ്യാപക തസ്തികകൾ കുറയാൻ സാധ്യതയുള്ളതിനാലാണ് തോറ്റവരെ ജയിപ്പിച്ച് പിജിക്ക് പ്രവേശിപ്പിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ചട്ടപ്രകാരം തന്നെയാണ് പ്രവേശനം നടത്തിയതെന്നും തോറ്റവരെ ഒഴിവാക്കുമെന്നും കാലടി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോള്‍ വിശദീകരിച്ചു. തോറ്റവരുടെ പ്രവേശനം റദ്ദാക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കാലടി സര്‍വകലാശാല വിസിക്ക് പരാതിയും നല്‍കി.