തിരുവനന്തപുരം : സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെ ഇ.പി ജയരാജൻ. സമരത്തിന് പിന്നില്‍ തെക്കും വടക്കമില്ലാത്ത വിവരദോഷികളാണ്. കെ റെയില്‍ സമരത്തിനൊപ്പം ജനങ്ങളില്ലെന്നും കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയ്യിലാണെന്നും മുൻമന്ത്രി ആരോപിച്ചു. വി.ഡി സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെ. കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഇ.പി ജയരാജന് വ്യക്തമാക്കി. പദ്ധതി നടപ്പിലായാല്‍ ആദ്യം വണ്ടിയില്‍ കയറുന്നത് കോണ്ഗ്രസുകാരായിരിക്കും. കിഫ്ബിയെ ഇതിനേക്കാള്‍ കൂടുതല്‍ എതിര്‍ത്തവരാണ് പ്രതിപക്ഷമെന്നും ഇപ്പോള്‍ ഫണ്ടിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തലയില്‍ മുണ്ടിട്ട് വരികയാണെന്നും അദ്ദേഹം പരിഹസിച്ചു.
കുറ്റി പറിക്കാന്‍ ജനിച്ചവന് കുറ്റി പറിച്ചേ പറ്റൂവെന്നും ഇ.പി പരിഹസിച്ചു. പ്രതിപക്ഷം കെ റെയില്‍ വിയത്തില്‍ റെഡിമെയ്ഡ് ആളുകളെ കൊണ്ട് സമരം നടത്തുകയാണ്. സിൽവർലൈന്‍ സ്ഥലം നല്കാന് ജനങ്ങള്‍ തയ്യാറായി മുന്നോട്ട് വരികയാണെന്നും കെ റെയില്‍ നടപ്പിലാക്കേണ്ടത് ജനങ്ങളുടെ ആഗ്രഹമാണെന്നും ജയരാജന് കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസ്സ് വരാത്തതുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിന് പ്രശ്നമൊന്നുമില്ലെന്നും ലീഗിന്റെ തണലില്‍ വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.